(മംഗളം ഓണപ്പതിപ്പ് 2007ല്‍ പ്രസിദ്ധീകരിച്ചത്)
തുമ്പിക്ക് വാലില്‍കെട്ടിക്കൊടുത്ത കല്ലാണ്‍
എനിക്ക് എന്ടെ ശരീരം.
പറഞ്ഞറിയിക്കനെളുതല്ലാത്തൊരു ദുംഖം
മനക്കുടന്നയിലൊരു കൊടുംകടല്‍ മൂര്‍ച്ഛയായ്...
കനവുകളില്‍ ശൂന്യതപടരുമ്പോള്‍
സാന്ത്വനമാകുന്ന,
ഉപാധികളില്ലാത്ത സ്നേഹമാണ്‍ കടല്‍.
അസ്വസ്ഥന്‍ടെ ഹൃദയമുദ്രയായവള്‍
പ്രണയിയുടെ ലോകത്തിന്‍
നീലത്തൊട്ടില്‍ കെട്ടുന്നു.
സ്നാനഘട്ടങ്ങളില്‍ അവള്‍
ഉടലില്‍ത്തിരയുന്നത് മറുപാതിയെയാണ്‍....
ആസക്തിയുടെ ജലസര്‍പ്പമായ്
ഒരു കടല്‍ത്തിര മന്ത്രിക്കുന്നു
എന്ടെ കാഴ്ചയ്ക്ക്
കടലിനോളം ആഴവും പരപ്പും തരാമെന്ന്.
അനന്തരം
എന്‍ടെ ബോധത്തിന്മേല്‍
കടല്‍ ഒരു നീലവിരി തുന്നുകയായിരുന്നു.
നിഗൂഢതയിലേക്ക് ഊളിയിട്ട
സുഷുപ്തിയുടെ കടല്‍ക്കാഴ്ചയായ്
ഏകാന്തതയുടെ ഹിമശൈത്യത്തിന്‍
അടയിരിക്കുന്ന മത്സ്യകന്യ.
ശരീരത്തിന്‍ടെ അര്‍ഥശൂന്യതകളെ
കിനാവുകൊണ്ടു വിഴുങ്ങുന്ന
ഗൂഢമന്ത്രമായവള്‍!
എന്ടെ മിഴിഗോളങ്ങളില്‍ നാവുചുഴറ്റി
പ്രണയത്തിന്‍ടെ ഉപ്പുനോക്കവേ
അവളും ചോദിക്കുന്നു;
ആരുടെ മിഴിനീരാണ്‍
അലയടിക്കുന്ന ഈ നീലജലം....?
1 comment:
പ്രിയ ജിതേഷ്,
മഴയെന്ന മനോഹര കവിതക്കുള്ള കമന്റ് ചിത്രകാരന്‍ എവിടെയാണ് ഇടുക ??
സമയം കിട്ടുംബോള്‍ എല്ലാം ഒറ്റക്കൊറ്റക്ക് റിപൊസ്റ്റ് ചെയ്താല്‍ പ്രശ്നം പരിഹരിക്കാം.
Post a Comment