not me.....by the rain.....

not me.....by the rain.....
കരിയിലകളില്‍ കരിവളകിലുക്കം

Wednesday, July 11, 2007

firefly




ഉയരെനിന്നും ഇരുളിന്ടെ നെഞ്ജിലേ-
ക്കിടറിവീണ നിലാത്തുള്ളിയാണു ഞാന്‍.
ചിറകുവച്ചു പറക്കയാണിന്നു ഞാന്‍
കരളെരിച്ചു വെളിച്ചം പരത്തിയും.
മലരിതോറും തിരയുന്നു ഞാനിന്ന്
മഞ്ഞുതിന്നുന്ന മിനുങ്ങിതന്‍ ജന്മമായ്
മധുരമുന്തിരിത്തോപ്പിലായ് വന്നു നീ
വിധുവിന് ചിന്തായ് ചിരിക്കയില്ലയോ.
പ്രണയജാലകവാതിലടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടി നില്‍ക്കയോ..?

കുളിരുപെയ്യുന്ന കൂരിരുള്‍ രാത്രിയില്‍
അഴലുപെയ്യുന്നു തുള്ളിയും തോരാതെ
ഹൃദയനോവിന്‍ടെ മൌനമായപ്പോള്‍ ഞാന്‍
ഒഴുകിയെത്തുന്നു വെള്ളിവെളിച്ചമായ്.
ഈണമിട്ടൊന്ന് മൂളിപ്പറക്കുവാന്‍
ത്രാണിയില്ലാത്ത പ്രാണിയാണെങ്കിലും
മഴയിഴയിട്ട പ്രേമത്തിന്‍ തംബുരൂ
ശ്രുതിയൊന്നാകാന്‍ കൊതിക്കയാണു ഞാന്‍.
മിഴിനനച്ചു മറഞ്ഞോരുകാഴ്ചകള്‍
വീണ്ടുമുള്ളില്‍ തെളിഞ്ഞുവരുന്നിതാ
കനവുകണ്ടു പറക്കുവാനായിനി
കാറ്റുരുമ്മും വഴിത്താര തീര്‍ന്നുപോയ്.
നരകവാതിലാം കൊക്കുപിളര്‍ത്തുന്നു
ഇരയെ കാക്കുന്ന രാക്കിളി മുന്നിലായ്...!


പ്രണയജാലകവാതില്‍ തുറന്നു നീ
കരുണയൂറുന്ന കൈക്കുമ്പിള്‍ തൊട്ടിലില്‍
എന്‍ടെ ജീവനൊളിപ്പിച്ചുവയ്ക്കുക.
എന്‍ കനവുകള്‍ പങ്കിട്ടെടുക്കുക.
കെട്ടുപോയ മിഴിവെട്ടം പിന്നെയും
വെട്ടമായി തിളങ്ങുന്നതാണ്‍ ഞാന്‍.
അന്ധഗായികേ നീയിന്നറിയുക
വീണ്ടെടുത്ത നിന്‍ കാഴ്ചയാണിന്നു ഞാന്‍!



1 comment:

Raji Chandrasekhar said...

പരിചയപ്പെടുത്തലില്‍ പുളിച്ചു തേട്ടുന്ന പദവികള്‍ക്കപ്പുറം ജീവിതത്തെ നോക്കിക്കാണുകയും അറിയുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ്, കവികളേയും കലാകാരന്മാരെയും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുമാത്രമാണ് ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആയി ആരുടേയും കൂടെ കൂടാതെ അഥവാ ഏതെങ്കിലും രാഷ്ട്രീയ രാജാക്കന്മാരുടെ സ്തുതിപാഠകരായി മാറാതെ കുറെയേറെ കവികളും കലാകാരന്മാരും ഇന്നും അനശ്വരരായി നിലനില്ക്കുന്നത്. അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം, കലാസാഹിത്യസംഘങ്ങളോ സമിതികളോ അവര്‍ക്കു വേദിയൊരുക്കുന്നുമില്ലായിരിക്കും. പക്ഷെ, യുഗസാരഥികളായ അവര്‍ വിരല്‍ ചൂണ്ടുന്നിടത്തേക്ക് കാലവും ജനതയും നോക്കും, സഞ്ചരിക്കും.

അങ്ങനെ വിരല്‍ ചൂണ്ടാന്‍ കെല്പുള്ള ഒരാള്‍, വിരല്‍ ചൂണ്ടുന്ന ഒരാള്‍

"കെട്ടുപോയ മിഴിവെട്ടം പിന്നെയും
വെട്ടമായി തിളങ്ങുന്നതാണു‍ ഞാന്‍.
അന്ധഗായികേ നീ,യിന്നറിയുക
വീണ്ടെടുത്ത നിന്‍ കാഴ്ചയാണിന്നു ഞാന്‍!" (ഒരു മിന്നമിനുങ്ങിന്റെ യാത്ര)

എന്നു തിരിച്ചറിയും. നാട്ടുകൂട്ടത്തിന്റെ കണ്ണുകളില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ മയക്കുപൊടി വാരിയെറിഞ്ഞ് കെടുത്തിക്കളഞ്ഞ മിഴിവെട്ടം അവനിലൂടെ പുനര്‍ജ്ജനിക്കും. അത് രക്ഷകന്റെ വാഗ്ദാനം നിറവേറ്റലാണ് (സംഭവാമി യുഗേ യുഗേ !) . അങ്ങനെയാണ് ഋഷിതുല്യനായ കവി ദേവനായി പരിണമിക്കുന്നത്.

സമൂഹത്തിലെ സംവേദനശേഷിയുള്ളവരാണ് അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്നത്. അന്ധയാണെങ്കിലും തന്റെ പാട്ടിലൂടെ ലോകത്തോട് സംവദിക്കുന്ന അന്ധഗായിക അവരുടെ പ്രതീകമാണ്. അവര്‍ക്കാശ്വാസമായി, അവര്‍ക്കു താങ്ങായി അവരുടെ വീണ്ടെടുത്ത കാഴ്ചയാകുന്നു കവി.