not me.....by the rain.....

not me.....by the rain.....
കരിയിലകളില്‍ കരിവളകിലുക്കം

Thursday, July 5, 2007

TAJ





താജ്....
നിന്ടെയഴകില്‍ എന്‍ടെ കണ്ണുകള്‍
കല്ലുകൊത്തുമ്പോള്‍
പ്രണയത്തിനടെ അനശ്വരതയെക്കുറിച്ചേയല്ല
ഞാനോര്‍ക്കുന്നത്?
സ്നേഹം ഇത്രമേല്‍ സ്വാര്‍ത്ഥമോ...?

താജ്....
നിലാവില്‍ക്കുളിച്ച് നീ നഗ്നയായ് നില്‍ക്കുമ്പോള്‍
നിന്നിലേക്ക് ചാഞ്ഞുപെയ്യുന്ന മഞ്ഞുതുള്ളിയില്‍
ചോരയിറ്റുന്നുവോ....?

താജ്....
വേദനകൊണ്‍ട് ആരോ പിടയുന്നുവോ..?
ഓര്‍ക്കുക...
ഇത് നിനക്കായ് അറുത്തുനേദിച്ച
ഒരു വലംകൈയുടെ ഉള്‍ത്തുടി..

താജ്....
ഓര്‍ക്കുന്നുവോ നീ
ഈ ശില്പിയെ...?
സ്വപ്നങ്ങള്‍ മുറിഞ്ഞൊഴുകിയ എന്‍ടെ കുഴിഞ്ഞ കണ്ണുകള്‍...?

താജ്....
ചരിത്രത്തിന്ടെ ഏടുകളില്‍ ഞാനെവിടെ..?
ഓര്‍മ്മപുസ്തകങ്ങളിലെ നിറമുള്ള താളുകളി‌ല്‍ നീ
മുംതാസിന്‍ടെയും ഷാജഹാന്‍ടെയും
പ്രണയമധുരം തുളുമ്പുന്നു.

താജ്....
പറയുക...! ചരിത്രത്തിന്‍ടെ ഏത് ഓടയിലാണ്‍ എന്‍ടെ പേര്‍...?
(പേര്‍:ഞാന്‍ ‍പോലും മറവിയിലേക്ക് വലിച്ചെറിഞ്ഞത്....)

താജ്....
നീ മിഴിനീരുറഞ്ഞ ഒരു വെണ്‍കല്‍കാഴ്ച....!
മുകളില്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിന്‍ടെ
വലിയൊരു നീലിമ...!

താജ്....
നിന്‍ടെ തിരുനെറ്റിയില്‍
എന്‍ടെ വിരല്‍ച്ചോര നനഞ്ഞപാടുകള്‍....ആരുമറിയാതെ...!!!
എന്നിട്ടും ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു.....
താജ്....
നീ എന്‍ടെ ചോരതന്നെയാണല്ലോ...?


(* താജ്മഹല്‍ പണിത ബാഗ്ദാദുകാരനായ മുഖ്യശില്പിയുടെ വലതുകൈ വീണ്ടും അത്തരമൊന്ന് പണിയാതിരിക്കാനുള്ള മുന്‍ കരുതലായി ചക്രവര്‍ത്തി ഛേദിച്ചുകളഞ്ഞെന്ന് അണിയറക്കഥ.)


1 comment:

chithrakaran ചിത്രകാരന്‍ said...

എസ്‌. ജിതേഷ്‌,
ഇത്രയും നല്ലൊരു ബ്ലൊഗ്‌ ഇവിടെയുള്ള വിവരം ഇതുവരെ ഞാന്‍ അറിയാത്തതില്‍ ഖേദം.

താജുമഹല്‍ പ്രണയത്തിന്റെ സ്മാരകമായി കാണാന്‍ ചിത്രകാരനും ഇഷ്ടപ്പെടുന്നില്ല. ഈഫാല്‍ ഗോപുരമ്പോലെ ശില്‍പ്പിയുടെ സൃഷ്ടിയായിത്തന്നെ വിലയിരുത്തപ്പേടേണ്ടതണ്‌ താജുമഹലും.

പണം പ്രതിഭയെ വിലക്കെടുക്കുംബോള്‍ ... നഷ്ടം സംബവിക്കുന്നത്‌ ഒരു പ്രതിഭക്കു ജന്മം നല്‍കിയ മനുഷ്യ സമൂഹത്തിനാണ്‌. പ്രതിഭയുടെ കൂടെ ഉയര്‍ത്തപ്പെടേണ്ട സമൂഹം ധനികന്റെ ചീഞ്ഞ പ്രണയ കഥയിലെ വര്‍ണതുകിലുകളുടെ കണ്ണഞ്ഞിക്കുന്ന പ്രകാശ്ത്തില്‍ ദിക്കറിയാതെ മുങ്ങിത്താഴുംബോള്‍ ആത്മാഭിമാനനഷ്ടപ്പെട്ട്‌ ജനം ബുദ്ധിശോഷണം വന്ന കഴുതകളാകുകയാണു ചെയ്യുന്നത്‌. ധനികന്റെ പ്രേമക്ഥ പാടിനടക്കാനുള്ള അടിമബോധം .....

കലാകാരന്മാരെങ്കിലും ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍.... ചിത്രകാരന്റെ ഏറ്റവും വലിയോരു ആഗ്രഹം ഇത്രയും നിസ്സാരമായ കാര്യമാണ്‌.

ജിതേഷിന്റെ നല്ലൊരു പൊസ്റ്റില്‍ വന്ന് ചിത്രകാരന്റെ ഭ്രാന്തമായ ചിന്തകളുടെ കെട്ടഴിച്ചതിന്‌ ക്ഷമാപണം.