Wednesday, July 11, 2007
Rain
(A Poem published in Mathrubhumi Weekly 2000 april 16-22)
മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!
മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും.
പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹൃദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന് ആയിരം വിരലുകള്‍.
ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?
ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!
hair greying
(A poem published in Mathrubhumi Weekly (2001 Jan 21)
*****************************************************
നര ഒരോര്‍മ്മപ്പെടുത്തലാണ്
ഓരോ മുടി നരയ്ക്കുമ്പോഴും
ഒരു കരിമ്പൂച്ച കുറുകെച്ചാടി മറയുന്നു.
നര;സൂര്യാംശുവിന്ടെ നിഴല്‍ക്കുത്ത്.
നരച്ചവന്ടെ ശിരസ്സ്
തെക്കോട്ട് പറക്കുന്ന തൂവെള്ളക്കൊററി.
നര;നിഗൂഡതകളുടെ കയ്യൊപ്പ്.
കാലത്തിന്ടെ മല ചുമന്നവന്
ഋതുഭേദങ്ങളുടെ നഖക്ഷതം
ആദ്യനര ഒരു താക്കീതാണ്
ആസക്തിയുടെ കൂടാരത്തില്‍ അന്തകന്ടെ വിരല്‍പ്പാട്!
മുതിരുമ്പോള്‍ നരന് നരയൊഴിയാബാധ
നര പിഴുതെന്നാലോ...?
നിഴലിനുനേരെ മഴുവോങ്ങുംപാഴ് വേല...!
കാലത്തെ കരിതേക്കാന്‍
നരയെ കറുപ്പിക്കുമ്പോള്‍
നര നരനോട്പറയും സ്വകാര്യമായി......;
മരണത്തിന്ടെ ചിരി മറയ്ക്കാന്‍
എതു കരി കരുതും നീ.....?
firefly
ഉയരെനിന്നും ഇരുളിന്ടെ നെഞ്ജിലേ-
ക്കിടറിവീണ നിലാത്തുള്ളിയാണു ഞാന്‍.
ചിറകുവച്ചു പറക്കയാണിന്നു ഞാന്‍
കരളെരിച്ചു വെളിച്ചം പരത്തിയും.
മലരിതോറും തിരയുന്നു ഞാനിന്ന്
മഞ്ഞുതിന്നുന്ന മിനുങ്ങിതന് ജന്മമായ്
മധുരമുന്തിരിത്തോപ്പിലായ് വന്നു നീ
വിധുവിന് ചിന്തായ് ചിരിക്കയില്ലയോ.
പ്രണയജാലകവാതിലടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടി നില്ക്കയോ..?
കുളിരുപെയ്യുന്ന കൂരിരുള്‍ രാത്രിയില്‍
അഴലുപെയ്യുന്നു തുള്ളിയും തോരാതെ
ഹൃദയനോവിന്ടെ മൌനമായപ്പോള് ഞാന്‍
ഒഴുകിയെത്തുന്നു വെള്ളിവെളിച്ചമായ്.
ഈണമിട്ടൊന്ന് മൂളിപ്പറക്കുവാന്‍
ത്രാണിയില്ലാത്ത പ്രാണിയാണെങ്കിലും
മഴയിഴയിട്ട പ്രേമത്തിന് തംബുരൂ
ശ്രുതിയൊന്നാകാന് കൊതിക്കയാണു ഞാന്‍.
മിഴിനനച്ചു മറഞ്ഞോരുകാഴ്ചകള്
വീണ്ടുമുള്ളില്‍ തെളിഞ്ഞുവരുന്നിതാ
കനവുകണ്ടു പറക്കുവാനായിനി
കാറ്റുരുമ്മും വഴിത്താര തീര്‍ന്നുപോയ്.
നരകവാതിലാം കൊക്കുപിളര്‍ത്തുന്നു
ഇരയെ കാക്കുന്ന രാക്കിളി മുന്നിലായ്...!
പ്രണയജാലകവാതില് തുറന്നു നീ
കരുണയൂറുന്ന കൈക്കുമ്പിള്‍ തൊട്ടിലില്‍
എന്ടെ ജീവനൊളിപ്പിച്ചുവയ്ക്കുക.
എന്‍ കനവുകള്‍ പങ്കിട്ടെടുക്കുക.
കെട്ടുപോയ മിഴിവെട്ടം പിന്നെയും
വെട്ടമായി തിളങ്ങുന്നതാണ് ഞാന്‍.
അന്ധഗായികേ നീയിന്നറിയുക
വീണ്ടെടുത്ത നിന് കാഴ്ചയാണിന്നു ഞാന്‍!
blood sacrifice
(Published in Mangalam Daily "SUNDAY MANGALAM" in 2000 feb:13)
ജന്മമൊരു കുരുതിയാണ്....
കര്മ്മകാണ്ട്ത്തിന്ടെ ഹോമകുണ്ട്ത്തില്
സ്വപ്നങ്ങളൊക്കെയും ഹവിസ്സ്.
നിറമൌനത്തിന്ടെ ഇലക്കുമ്പിള്കുത്തി
ഞാന്‍
എന്നെത്തന്നെ ഇറുത്ത് നേദിക്കുന്നു.
എന്ടെ വിരല്‍ത്തുമ്പുകള്‍
ഉള്ത്തുടിപ്പിന്ടെ തലവരയെഴുത്തിന്.
കണ്ണുകള്‍
അറിവിന്ടെ നഗ്നതയ്ക്ക്....
കാതുകള്‍
നൊമ്പരത്തിന്ടെ കടലിരമ്പത്തിന്.
മുഖം
ലോകത്തിന്ടെ നോക്കുകണ്ണാടിക്ക്...
കൈ,കാലുകള്‍
അന്നദാതാവിന്ടെ അടിമവ്രുത്തിക്ക്..
അരക്കെട്ട് ഉടല് ഉടമ്പടി തന്നോള്ക്ക്....
കടപ്പാടിന്ടെ കണക്കുപുസ്തകം
മലര്‍ക്കെ തുറക്കുമ്പോള്‍
കാണാമറയത്തൊരാള്ക്കൂട്ടം...!
കൊടുംനോവിന്ടെ വജ്രസൂചിയാല്‍
ഞാന്‍ എന്നെത്തന്നെ
പലതായ് പകുത്തുതീര്ക്കയായ്.
ഇനി ഞാന്മിഴിനീരുറഞ്ഞ ഇളംനീലശംഖ്.
ഉള്ളില്‍ സ്വപ്നങ്ങളുടെ പച്ചച്ചോര...!
Thursday, July 5, 2007
Sea bath
(മംഗളം ഓണപ്പതിപ്പ് 2007ല്‍ പ്രസിദ്ധീകരിച്ചത്)
തുമ്പിക്ക് വാലില്കെട്ടിക്കൊടുത്ത കല്ലാണ്
എനിക്ക് എന്ടെ ശരീരം.
പറഞ്ഞറിയിക്കനെളുതല്ലാത്തൊരു ദുംഖം
മനക്കുടന്നയിലൊരു കൊടുംകടല്‍ മൂര്ച്ഛയായ്...
കനവുകളില്‍ ശൂന്യതപടരുമ്പോള്
സാന്ത്വനമാകുന്ന,
ഉപാധികളില്ലാത്ത സ്നേഹമാണ് കടല്‍.
അസ്വസ്ഥന്ടെ ഹൃദയമുദ്രയായവള്
പ്രണയിയുടെ ലോകത്തിന്
നീലത്തൊട്ടില് കെട്ടുന്നു.
സ്നാനഘട്ടങ്ങളില്‍ അവള്
ഉടലില്ത്തിരയുന്നത് മറുപാതിയെയാണ്....
ആസക്തിയുടെ ജലസര്‍പ്പമായ്
ഒരു കടല്‍ത്തിര മന്ത്രിക്കുന്നു
എന്ടെ കാഴ്ചയ്ക്ക്
കടലിനോളം ആഴവും പരപ്പും തരാമെന്ന്.
അനന്തരം
എന്ടെ ബോധത്തിന്മേല്‍
കടല്‍ ഒരു നീലവിരി തുന്നുകയായിരുന്നു.
നിഗൂഢതയിലേക്ക് ഊളിയിട്ട
സുഷുപ്തിയുടെ കടല്ക്കാഴ്ചയായ്
ഏകാന്തതയുടെ ഹിമശൈത്യത്തിന്
അടയിരിക്കുന്ന മത്സ്യകന്യ.
ശരീരത്തിന്ടെ അര്ഥശൂന്യതകളെ
കിനാവുകൊണ്ടു വിഴുങ്ങുന്ന
ഗൂഢമന്ത്രമായവള്!
എന്ടെ മിഴിഗോളങ്ങളില് നാവുചുഴറ്റി
പ്രണയത്തിന്ടെ ഉപ്പുനോക്കവേ
അവളും ചോദിക്കുന്നു;
ആരുടെ മിഴിനീരാണ്
അലയടിക്കുന്ന ഈ നീലജലം....?
to u
അനാഥന്ടെ തലച്ചോറിന്
കരിമരുന്നിന്ടെ ഗന്ധമ്മുണ്ട്.
എങ്കിലും ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്ത
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
അവനു മാത്രം സ്വന്തം!
നൂല് പൊട്ടിയ പട്ടം പോലെ
പറന്നുപറന്നുപോകുമ്പോള്
നീയെന്നെ സ്നേഹനൂലിട്ട് ബന്ധിക്കരുത്.
എനിക്കുമീതേ കര്‍മ്മങ്ങളുടെ കനല്‍ക്കുട.
ഉച്ചവെയിലിനെ ഞാന്‍ അറിയുന്നേയില്ല.
എന്ടെ ഉള്ളിലെ കടലിരമ്പലില്‍
നിന്ടെ തേങ്ങലുകള്‍ മുങ്ങിത്താഴുന്നു.
വ്യക്തിയെ ഗോത്രത്തിന്...
ഗോത്രത്തെ ഗ്രാമത്തിന്....
ഗ്രാമത്തെ ദേശത്തിന്....
കുരുതിയുടെ നീതിശാസ്ത്രം
അന്നും ഇന്നും ഒന്നുതന്നെ.
ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍
തുരുമ്പുകയ്ക്കുന്ന പാനജലം.
എനിക്കു ജീവിതം മരണതീര്ത്ഥാടനം.
ആരും കാണാത്തത് കാണുകയും
ആരും കേള്‍ക്കാത്തത് കേള്‍ക്കുകയും
ആരും ഓര്‍ക്കാത്തവരെ ഓര്‍ക്കുകയും
മാത്രം ചെയ്ത് ഞാനിവിടെ തനിച്ചിരുന്നോട്ടെ.
നീയെന്നെ നോക്കാതെ എനിക്കുചുറ്റും നോക്കുക
എന്റെ ലോകത്തെ പ്രണയിക്കാതെ
എന്നെ മാത്രമായി നീ പ്രണയിക്കരുത്.
ഒരു യാത്രാമൊഴി ഓര്‍ത്തുകൊണ്ട് മാത്രം
ഉപാധികളില്ലാത്ത സ്നേഹമൊഴികളുടെ സമൃദ്ധിയിലേക്ക്
നീയെന്നെ കൊണ്ടുപോവുക
TAJ
താജ്....
നിന്ടെയഴകില്‍ എന്ടെ കണ്ണുകള്‍
കല്ലുകൊത്തുമ്പോള്‍
പ്രണയത്തിനടെ അനശ്വരതയെക്കുറിച്ചേയല്ല
ഞാനോര്‍ക്കുന്നത്?
സ്നേഹം ഇത്രമേല്‍ സ്വാര്‍ത്ഥമോ...?
താജ്....
നിലാവില്‍ക്കുളിച്ച് നീ നഗ്നയായ് നില്ക്കുമ്പോള്
നിന്നിലേക്ക് ചാഞ്ഞുപെയ്യുന്ന മഞ്ഞുതുള്ളിയില്‍
ചോരയിറ്റുന്നുവോ....?
താജ്....
വേദനകൊണ്ട് ആരോ പിടയുന്നുവോ..?
ഓര്‍ക്കുക...
ഇത് നിനക്കായ് അറുത്തുനേദിച്ച
ഒരു വലംകൈയുടെ ഉള്‍ത്തുടി..
താജ്....
ഓര്‍ക്കുന്നുവോ നീ
ഈ ശില്പിയെ...?
സ്വപ്നങ്ങള്‍ മുറിഞ്ഞൊഴുകിയ എന്ടെ കുഴിഞ്ഞ കണ്ണുകള്‍...?
താജ്....
ചരിത്രത്തിന്ടെ ഏടുകളില്‍ ഞാനെവിടെ..?
ഓര്‍മ്മപുസ്തകങ്ങളിലെ നിറമുള്ള താളുകളില്‍ നീ
മുംതാസിന്ടെയും ഷാജഹാന്ടെയും
പ്രണയമധുരം തുളുമ്പുന്നു.
താജ്....
പറയുക...! ചരിത്രത്തിന്ടെ ഏത് ഓടയിലാണ് എന്ടെ പേര്...?
(പേര്:ഞാന്‍ പോലും മറവിയിലേക്ക് വലിച്ചെറിഞ്ഞത്....)
താജ്....
നീ മിഴിനീരുറഞ്ഞ ഒരു വെണ്കല്കാഴ്ച....!
മുകളില്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിന്‍ടെ
വലിയൊരു നീലിമ...!
താജ്....
നിന്ടെ തിരുനെറ്റിയില്‍
എന്ടെ വിരല്‍ച്ചോര നനഞ്ഞപാടുകള്....ആരുമറിയാതെ...!!!
എന്നിട്ടും ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു.....
താജ്....
നീ എന്ടെ ചോരതന്നെയാണല്ലോ...?
(* താജ്മഹല്‍ പണിത ബാഗ്ദാദുകാരനായ മുഖ്യശില്പിയുടെ വലതുകൈ വീണ്ടും അത്തരമൊന്ന് പണിയാതിരിക്കാനുള്ള മുന്‍ കരുതലായി ചക്രവര്‍ത്തി ഛേദിച്ചുകളഞ്ഞെന്ന് അണിയറക്കഥ.)
My Eyes
(A poem published in sunday mangalam daily)
*******************************************
എന്ടെ കണ്ണുകള്‍
ഹൃദയത്തിന് അലിഞ്ഞിറങ്ങാനുള്ള
രണ്ടു നീരുറവകളാണ്.
എന്ടെ കാഴ്ചയ്ക്ക്
നിലാപ്പിശുക്കുള്ള രാവിന്ടെ ശൂന്യതയാണ്.
നീണ്ടു കൂര്‍ത്ത നഖമുനകളമര്ത്തി
നീയവ ചൂഴ്ന്നെടുത്തുകൊള്ളുക....
സ്വപ്നങ്ങള്പൊള്ളിയ എന്ടെ കണ്ണുകള്‍
നിലാവിന്ടെ നനുത്തവെളിച്ചത്തിലേക്ക്
വലിച്ചെറിഞ്ഞേക്കുക.
പിന്നെന്നും
അനന്തതയില്‍ നിന്നൊരു നക്ഷത്രജോടി
നിന്നെ നോക്കി
മാറി മാറി കണ്ണെറിയും.
നിനക്കും തോന്നുന്നുവോ....;
പ്രണയത്തിന്ടെ കണ്ണുചിമ്മല്‍
ഏതോ കൊച്ചുനക്ഷത്രത്തിണ്ടെ കുസൃതിയില്‍ നിന്ന്
നമ്മള് കടം കൊണ്ടതെന്ന്...
Rain Photography
Subscribe to:
Posts (Atom)