


(A Poem published in Mathrubhumi Weekly 2000 april 16-22)
മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!
മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും.
പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹൃദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.
ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?
ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!
